അത്ഭുതമായി ആ 8. വീടുകൾ ഒരു പോറൽ പോലുമാകാതെ

Spread the love

പുഷ്പയ്ക്ക് ഇപ്പോഴും ആ രംഗങ്ങൾ മനസ്സിന് വിട്ടുപോകുന്നില്ല . തലനാരിഴയ്ക്കാണ് പുഷ്പയും കുടുംബവും മരണത്തിൻറെ വക്കിൽ നിന്നും രക്ഷപ്പെട്ടത് .വ്യാഴം രാത്രി മുത്തപ്പൻകുന്നിന്റെ മുകൾഭാഗം ചെളിയുടെ പുഴപോലെ താഴേക്കു കുത്തിയൊഴുകി. വഴിയിലെ സകല വീടുകളും നിലംപൊത്തി. നടുവിൽ ഒരു തുരുത്തിനെ മാത്രം അവശേഷിപ്പിച്ച് വീണ്ടും അത് പരന്നൊഴുകി. ആ തുരുത്തിലായിരുന്നു നെടിയകാലായിൽ പുഷ്പയുടേതടക്കം 8 വീടുകൾ.

സംഭവസമയത്ത് പുഷ്പയും ഭർത്താവ് സുനിലും പത്തുവയസ്സുകാരനായ മകൻ ധനുഷും വീട്ടിലുണ്ടായിരുന്നു. മുന്നോട്ടോ വശങ്ങളിലേക്കോ ഓടിയിരുന്നെങ്കിൽ ദുരന്തം ഇവരെയും പിടികൂടുമായിരുന്നു.

പുഷ്പയുടെ വാക്കുകൾ ഇങ്ങനെ : ‘‘രാത്രി വീട്ടിലിരിക്കുമ്പോഴാണ് കുന്നിനുമുകളിൽ വലിയ ശബ്ദം കേട്ടത്. ഒപ്പം ചെളിയും വെള്ളവും താഴേക്കൊഴുകിയെത്തി. ഓടിക്കോ എന്നെല്ലാം അലറിവിളിക്കുന്നത് കേൾക്കാമായിരുന്നു. ഞങ്ങളും വീട്ടിൽനിന്നിറങ്ങിയോടി. അധികം മുന്നോട്ടു പോകാൻ കഴിഞ്ഞില്ല. മുന്നിലെ തോട് നിറഞ്ഞുകവിഞ്ഞിരുന്നു. വീടിന്റെ വശങ്ങളിലൂടെ ഭയങ്കര ശബ്ദത്തോടെ മണ്ണ് ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു. ഇരുട്ടിൽ ഒന്നും കാണാൻ കഴിയുന്നുമില്ല. വശങ്ങളിൽനിന്ന് ചെളിയും വെള്ളവും ഞങ്ങൾ നിന്ന ഭാഗത്തേക്ക് അടിച്ചു കയറി. പിന്നിൽ വീടുനിൽക്കുന്ന ഭാഗത്തു മാത്രമാണ് പ്രശ്നമില്ലാതെ കണ്ടത്. ഞങ്ങൾ തിരിഞ്ഞോടി. രാത്രി വീടിനു സമീപം ഭയന്നു വിറച്ച് ഉറങ്ങാതിരുന്നു.’’

അതേ സമയം ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയില്‍നിന്ന് ഒരു മൃതദേഹം കൂടി ലഭിച്ചു. ഇതോടെ ഇവിടെനിന്നു കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 20 ആയി. 39 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ദുരന്തം നടന്ന് അഞ്ചുദിവസം പിന്നിട്ടതിനാല്‍ മൃതദേഹങ്ങള്‍ അഴുകിത്തുടങ്ങിയിട്ടുണ്ട്.

ഇക്കാരണത്താല്‍ ബന്ധുക്കള്‍ക്ക് മൃതദേഹങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയുണ്ട്. എട്ടിന് രാത്രി എട്ടോടെയാണ് പോത്തുകല്‍ കവളപ്പാറ മുത്തപ്പന്‍കുന്നില്‍ ഉരുള്‍പൊട്ടലുണ്ടായത്. അറുപത്തിമൂന്ന് പേരെയാണ് ദുരന്തത്തില്‍ കാണാതായത്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ നടത്തിയ തെരച്ചിലില്‍ പതിമൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.

മണ്ണുമാന്തി യന്ത്രങ്ങളുടെ കുറവും കനത്ത മഴയും വെള്ളി, ശനി ദിവസങ്ങളില്‍ തെരച്ചിലിനെ ബാധിച്ചു. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് തെരച്ചില്‍ കൂടുതല്‍ ഫലപ്രദമായി നടന്നത്. തിങ്കളാഴ്ച വലുതും ചെറുതുമായ എട്ട് മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്താലാണ് മൃതദേഹങ്ങള്‍ക്കായുള്ള തെരച്ചില്‍ നടന്നത്. ഉരുള്‍പൊട്ടലില്‍ മുത്തപ്പന്‍ കുന്നില്‍ നിന്നും ഒലിച്ചിറങ്ങി മണ്ണിനടിയില്‍ കിടക്കുന്ന വീടുകള്‍ എവിടെയെന്ന് കണ്ടെത്താന്‍ കഴിയാത്തത് തിരച്ചിലിന് തടസമാകുന്നുണ്ട്.

കാണാതായവരുടെ പട്ടികയിലെ നാലു പേർ സുരക്ഷിതർ

കവളപ്പാറയിൽ പ്രതീക്ഷയുടെ വെളിച്ചമായി 4 പേർ. മണ്ണിലകപ്പെട്ടെന്നു കരുതിയ ചീരോളി പ്രകാശനും കുടുംബവും സുരക്ഷിതരെന്നു പോത്തുകല്ല് പഞ്ചായത്ത് അധികൃതർ സ്ഥിരീകരിച്ചു. പ്രകാശനും ഭാര്യയും 2 മക്കളും അടങ്ങിയ കുടുംബം എടക്കര വഴിക്കടവിലുള്ള ബന്ധുവീട്ടിൽ അഭയം തേടിയിരുന്നു.

വ്യാഴാഴ്ച രാത്രി കുന്നിനു മുകളിൽനിന്നു വലിയ ശബ്ദം കേട്ടതിനു പിന്നാലെ വീട്ടിൽനിന്ന് ഇറങ്ങിയോടിയതാണ് ഇവർക്കു രക്ഷയായത്. തൊട്ടുപിന്നാലെ വീടു മുഴുവൻ മണ്ണു മൂടി. അന്നു രാത്രി ഭൂദാനത്തെ ദുരിതാശ്വാസ ക്യാംപിൽ കഴിഞ്ഞ കുടുംബം വെള്ളിയാഴ്ച രാവിലെയാണു ബന്ധുവീട്ടിലേക്കു പോയത്.

ദുരന്തത്തിന്റെ നടുക്കം വിട്ടുമാറാത്തതിനാൽ 3 ദിവസത്തേക്ക് ആരെയും വിളിച്ചില്ല. ഞായറാഴ്ച വൈകിട്ടാണു പഞ്ചായത്ത് അംഗത്തെ ഫോണിൽ വിളിച്ച് സുരക്ഷിതരാണെന്ന് അറിയിച്ചത്

Leave a Reply

Your email address will not be published. Required fields are marked *